ഒറ്റയടിക്ക് കൂടിയത് 720 രൂപ; സർവകാല റിക്കാർഡിനരികെ സ്വർണവില
Wednesday, July 17, 2024 11:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും കുതിച്ച് സ്വർണവില സർവകാല റിക്കാർഡിനരികെ. പവന് ഒറ്റയടിക്ക് 720 രൂപയും ഗ്രാമിന് 90 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,000 രൂപയിലും ഗ്രാമിന് 6,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,710 രൂപയാണ്.
ചൊവ്വാഴ്ച പവന് 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1,000 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വർണവില. പുതിയ സർവകാല റിക്കാർഡിൽ നിന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും മാത്രം അകലെയാണിപ്പോൾ.
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപ കടന്നത്. മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
പവന് 53,000 രൂപ എന്ന നിരക്കിലാണ് ഈമാസം ആദ്യം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ആറിന് 54,120 രൂപയിലെത്തിയ സ്വർണം മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില പത്തിന് 53,680 രൂപയിലേക്കെത്തി. തുടർന്നാണ് 12ന് വീണ്ടും 54,000 കടന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില സർവകാല റിക്കാർഡിലാണ്. 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 100 രൂപയായി.