മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി
Sunday, July 21, 2024 10:25 PM IST
തിരുവനന്തപുരം: ജോലിക്കിടെ മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പോലീസിൽ പരാതി നൽകിയ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബിയുടെ പ്രതികാരം. തിരുവനന്തപുരം അയിരുരിലാണ് കെഎസ്ഇബിബിയുടെ അസാധാരണ നടപടി.
വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ ജീവനക്കാർ മദ്യപിച്ച് വീട്ടുടമയെ അസഭ്യം പറഞ്ഞു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. വീട്ടുടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീട്ടുടമ്മയെ അസഭ്യം പറഞ്ഞതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജീവനക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ വീട്ടുകാർക്കെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരും പരാതി നൽകി. ഔദ്യോഗിക ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ പരാതി നൽകിയത്.
അതേസമയം പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഇതുവരെ വൈദ്യുതി തകരാർ കെഎസ്ഇബി പരിഹരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. അസി. എൻജീനിയൻ ഭീഷണിപ്പെടുത്തിയതായും പരാതി പിൻവലിച്ചാൽ വൈദ്യുതി തരാമെന്നു പറഞ്ഞതായും കുടുംബം വ്യക്തമാക്കി.