കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽനിന്നെറിഞ്ഞു കൊന്ന കേസിൽ അമ്മയ്ക്ക് ജാമ്യം
Monday, July 22, 2024 6:35 PM IST
കൊച്ചി: പനമ്പിള്ളി നഗറിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. എറണാകുളം ജില്ല വിട്ടുപോകരുതെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.
കേസ് അന്വേഷണം പൂർത്തിയായെന്നും കുഞ്ഞിന്റെ അമ്മയായിരുന്ന 23കാരി ലൈംഗിത അതിക്രമ കേസിൽ അതിജീവിതയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
പനന്പിള്ളിനഗർ വിദ്യാനഗർ ലിങ്ക് റോഡിലെ വൻഷിക അപ്പാർട്ട്മെന്റിൽനിന്ന് ആമസോൺ കൊറിയർ കവറിലാക്കിയ നിലയിലാണ് കുഞ്ഞിനെ തൊട്ടുമുന്നിലെ റോഡിലേക്കെറിഞ്ഞത്. കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം.
ഫ്ലാറ്റിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. മൂന്നു മണിക്കൂർ തികയും മുന്പേ മറ്റാരും കാണാതെ യുവതി കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നു. പൊക്കിൾക്കൊടി മുറിച്ച് അധികനേരമാകും മുന്പാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഫ്ലാറ്റിൽ യുവതിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കളും പോലീസ് എത്തിയശേഷമാണ് സംഭവമറിയുന്നത്.