ബജറ്റ്; ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു
Tuesday, July 23, 2024 9:56 AM IST
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മലാ സീതാരാമന് രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ബജറ്റ് കാണിച്ച ശേഷം മന്ത്രി പാര്‍ലമെന്റിലെത്തും.
ബജറ്റിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭിച്ച ശേഷം രാവിലെ 11നാണ് ബജറ്റ് അവതരണം. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കുന്നതിൽ നിർമല സീതാരാമന്റെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പറഞ്ഞിരുന്നു.
ബജറ്റിനു മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരമാണ് സാമ്പത്തിക സർവേ തയാറാക്കിയത്.
സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട് തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.