ഏതെങ്കിലും മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനല്ല, ക്ഷേമവും വികസനവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്: രാജീവ് ചന്ദ്രശേഖർ
Tuesday, July 23, 2024 11:21 PM IST
തിരുവനന്തപുരം: വികസിത ഭാരതമെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തിന് സമർപ്പിച്ചതെന്ന് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ പത്തുവർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ പിന്തുടർച്ചയെന്ന നിലക്ക് ശ്രദ്ധേയമായ ബജറ്റ് ആണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം നടത്തുന്ന വിമർശനങ്ങൾ അർത്ഥമില്ലാത്തതാണ്. ഏതെങ്കിലും മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനല്ല, മറിച്ച് രാജ്യത്തെ എല്ലാ ജനങ്ങളുടേയും ക്ഷേമവും സമഗ്ര വികസനവുമാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബജറ്റിലെ കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ അടക്കമുള്ള പ്രഖ്യാപനങ്ങൾ വ്യവസായ മേഖലക്ക് ഉണർവ്വ് പകരും. ഇത് കയറ്റുമതി പുഷ്ടിപ്പെടുത്തുകയും ചെയ്യും. വികസനം സംബന്ധിച്ച ബിജെപി സർക്കാരിന്റെ സമീപനത്തിലെ യാഥാർഥ്യബോധവും വ്യത്യസ്തതയും ജനങ്ങൾ അംഗീകരിച്ചതിന്റെ ഫലം കൂടിയാണ് ഈ ബജറ്റെന്നും അദ്ദേഹം വ്യക്തമാക്കി.