വിമർശനത്തിന് അതീതനല്ല ; സർക്കുലർ ഇറക്കിയിട്ടില്ല: വി.ഡി.സതീശൻ
Friday, July 26, 2024 8:03 PM IST
തിരുവനന്തപുരം: കെപിസിസി യോഗത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി.സതീശൻ. താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
താൻ സർക്കുലർ ഇറക്കിയിട്ടില്ല. ചെയ്തത് തെറ്റാണെങ്കിൽ തിരുത്തും. ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടത്. വിമർശനത്തിന് വിധേയനായതിൽ തനിക്ക് അഭിമാനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച രാത്രി ചേര്‍ന്ന അടിയന്തര കെപിസിസി യോഗത്തിൽ പങ്കെടുത്ത 22 ഭാരവാഹികളും പ്രതിപക്ഷ നേതാവിന്റെ നടപടികളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വയനാട് ചേര്‍ന്ന ക്യാമ്പ് എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയാണ് വിവാദം തുടങ്ങിയത്. എല്ലാ ജില്ലയിലും പ്രതിപക്ഷ നേതാവ് കൂടി പങ്കെടുത്തുകൊണ്ട് ക്യാമ്പ് എക്സിക്യൂട്ടീവ് ചേരാനാണു വയനാട് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതിന് പകരം ജില്ലകളിലെ കെപിസിസി ഭാരവാഹികളെ ഒഴിവാക്കി തീരുമാനങ്ങള്‍ പ്രതിപക്ഷ നേതാവ് നേരിട്ട് നടപ്പിലാക്കുന്നുവെന്നാണ് ആരോപണം.