നിരാശ; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
Saturday, July 27, 2024 8:07 PM IST
ബംഗുളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തിച്ചിൽ അവസാനിപ്പിച്ചു. ഏറ്റവും കൂടുതൽ സാധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്പോട്ടിലെ തിരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചെളിയും പാറയും മാത്രമാണ് കണ്ടതെന്നും മറ്റ് സ്പോട്ടുകളിലെ പരിശോധന തുടരുമെന്നും ദൗത്യസംഘം അറിയിച്ചു.
കുന്ദാപുരയിൽ നിന്നുളള പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തിരച്ചിൽ. സംഘത്തിന്റെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. തിരച്ചിലിനിടെ ഈശ്വർ മൽപെ കയർ പൊട്ടി ഒഴുകിപ്പോയിരുന്നു.
ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. ഇതിനെ വെല്ലുവിളിച്ച് ഈശ്വർ മൽപെയും സംഘവും നദിയിലിറങ്ങിയെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ല.
കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിൽ എത്തിച്ചിട്ടുണ്ട്. ദൗത്യം പൂർത്തിയാകും വരെ ഇവിടെ തുടരാൻ കാർവാർ എംഎൽഎയോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിട്ടുണ്ട്.