ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; 32 മരണം
Friday, August 2, 2024 6:00 AM IST
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ മഴയിൽ 32 പേർക്ക് ജീവൻ നഷ്ടമായി. ഉത്തരാഖണ്ഡിൽ മാത്രമായി 12 പേർ മരിച്ചു. മഴക്കെടുതി തുടരുന്നതിനാൽ കേദാർനാഥിലേക്കുള്ള യാത്ര താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
കേദാർനാഥിലേക്കുള്ള തീർഥാടക പാതയിലടക്കം കുടുങ്ങിയവരെ ഹെലികോപ്റ്ററിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം പത്തായി. . നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിൽ മൂന്ന് ഇടങ്ങളിലായുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടമായത്. ഷിംലയിൽ അമ്പതിലധികം പേരെ കാണാതായി.
മണാലിയിലേക്കുള്ള റോഡ് തകർന്ന് മേഖല ഒറ്റപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ അയക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.