കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ കൊലപാതകം: ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
Friday, August 2, 2024 1:12 PM IST
കൊച്ചി: കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചേര്‍ത്തല സ്വദേശി ദിവാകരന് കൊലക്കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
2009 നവംബര്‍ 29നാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കെ.എസ്. ദിവാകരനു (56) നേരെ ആക്രമണമുണ്ടായത്. വി.സുജിത് (മഞ്ജു-38), എസ്.സതീഷ് കുമാര്‍ (കണ്ണന്-38), പി.പ്രവീണ്‍ (32), എം.ബെന്നി (45), എന്‍.സേതുകുമാര്‍ (45), ആര്.ബൈജു (45) എന്നിവരാണ് പ്രതികള്‍.
കയര്‍ കോര്‍പറേഷന്റെ വീട്ടിലൊരു കയര്‍ ഉത്പന്നം പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്പനയ്ക്ക് ദിവാകരന്റെ വീട്ടില്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ഇവര്‍ എത്തിയെങ്കിലും മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയായ ദിവാകരന് തടുക്കിന്റെ വില കൂടുതലാണെന്ന കാരണത്താല്‍ വാങ്ങാന്‍ തയാറായില്ല.
എന്നാല്‍ തടുക്ക് കൊണ്ടുവന്നവര്‍ നിര്‍ബന്ധപൂര്‍വം അത് അവിടെ വച്ചിട്ട്പോയി. അന്ന് ഉച്ചയ്ക്കുശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന് ഈ വിഷയം ഉന്നയിച്ചിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.