മണ്ണിനടിയിൽ ജീവന്റെ തുടിപ്പെന്ന് സംശയം ; കുഴിച്ച് പരിശോധന ആരംഭിച്ചു
Friday, August 2, 2024 4:59 PM IST
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ മണ്ണിനടിയിൽ ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാൻ സ്ഥലം കുഴിച്ച് പരിശോധ ആരംഭിച്ചു. മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തിലാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്.
മണ്ണിനടിയിൽ ആർക്കെങ്കിലും ജീവനുണ്ടെങ്കിൽ ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. റഡാറില്‍ സിഗ്നൽ ലഭിച്ചതിനാൽ കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
സ്ഥലത്ത് ഇപ്പോൾ തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയാണ് പരിശോധന നടത്തുന്നത്.