വയനാട് ഉരുൾപൊട്ടൽ മരണം 340 ; 206 പേരെ ഇനിയും കണ്ടെത്താനായില്ല
Friday, August 2, 2024 9:25 PM IST
കൽപ്പറ്റ : മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.
116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കരസേന തീർത്ത ബെയ്ലി പാലം സജ്ജമായതോടെ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു. പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ചു.
ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.