മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന് പിടിയിൽ
Friday, August 2, 2024 9:43 PM IST
കൊച്ചി: മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലത്തുനിന്ന് തൃശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ ഇയാൾ യാത്ര ചെയ്യുന്നു എന്ന വിവരം പോലീസിനു ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ആലപ്പുഴ മാരാരിക്കുളത്തുവച്ചാണ് സി.പി.മൊയ്തീനെ പിടികൂടിയത്. മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗം മലപ്പുറം പാണ്ടിക്കാട് വളരാട് സ്വദേശിയുമാണ് സി.പി. മൊയ്തീൻ.
കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോട് ജംഗ്ഷനില്‍ മൊയ്തീന് ഉള്‍പ്പെടെ നാലു പേർ തോക്കുമായി വന്ന് നിരോധിത സംഘടനയുടെ പ്രവര്‍ത്തനം നടത്തിയ കേസിലാണ് അറസ്റ്റ്. 2014 മുതല്‍ വിവിധ കേസുകളില്‍പെട്ട് ഒളിവിലായ ഇയാള്‍ നിലവില്‍ 36 കേസുകളില്‍ പ്രതിയാണ്.