മഹാരാഷ്ട്രയില്‍ കെട്ടിടത്തില്‍ നിന്നുവീണ് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച കേസ്; സഹപാഠി അറസ്റ്റില്‍
Saturday, August 3, 2024 5:05 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സതാറയില്‍ കെട്ടിടത്തില്‍ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. കൃഷ്ണ വിശ്വ വിദ്യാലയത്തില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.മഹാരാഷ്ട്രയിലെ സതാറയില്‍ പെണ്‍കുട്ടി താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണാണ് മരിച്ചത്. സംഭവദിവസം യുവാവ് അവിടെ എത്തിയിരുന്നതായും ഇരുവരും തമ്മില്‍ തര്‍ക്കവും വാഗ്വാദവും ഉണ്ടായതായും പൊലീസ് കണ്ടെത്തി.
നേരത്തെയും ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇവര്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. ഫ്ളാറ്റില്‍ വെച്ചുള്ള തര്‍ക്കത്തിനിടെ യുവാവ് പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നു.