വയനാട് ദുരന്തം: അടിയന്തര ധനസഹായമായി നാല് കോടി അനുവദിച്ചു
Saturday, August 3, 2024 2:54 PM IST
വയനാട്: മുണ്ടക്കൈ, ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായമായി നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്നാണ് തുക അനുവദിച്ചത്.
ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഡല്‍ഹിയില്‍നിന്ന് ഉടന്‍ സ്ഥലത്തെത്തിക്കും. ചാലിയാർ പുഴയിലുള്ള പരിശോധന തുടരും. ഇവിടെനിന്ന് ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മിക്കും. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.