ഉന്നം പിഴച്ചു.., മനു ഭാകറിന് പാരീസില്‍ മൂന്നാം മെഡലില്ല
Saturday, August 3, 2024 3:11 PM IST
പാരീസ്: ഷൂട്ടിംഗിൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് തിരിച്ചടി. മൂന്നാം മെഡലെന്ന സ്വപ്നവുമായി വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യയുടെ മനു ഭാകറിന് ഇത്തവണ ഉന്നം പിഴച്ചു.
ഫൈനലില്‍ സ്റ്റേജ് ഒന്നിലെ മൂന്ന് സീരീസുകള്ക്കുശേഷം രണ്ടാം സ്ഥാനത്തേക്ക് കയറിയ മനുവിന് പക്ഷേ ഒടുവില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഏഴാം സീരീസിനു ശേഷം നടന്ന ഷൂട്ടോഫില്‍ രണ്ട് പോയന്റ് മാത്രം നേടിയ മനുവിനെ പിന്തള്ളി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം സ്വന്തമാക്കുകയായിരുന്നു. ദക്ഷിണ കൊറിയയുടെ ജിന്‍ യാംഗിനാണ് സ്വര്‍ണം. ഫ്രാന്‍സിന്റെ കാമില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.
നിലവില്‍ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലും 10 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലും മനു വെങ്കലം നേടിയിരുന്നു.