206 പേർ കാണാമറയത്ത്; വയനാട്ടിൽ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
Saturday, August 3, 2024 7:27 PM IST
കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ നാശംവിതച്ച പ്രദേശത്തെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ചാലിയാറിൽ നാളെ രാവിലെ ഏഴോടെ തെരച്ചിൽ പുനരാരംഭിക്കും. പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ, സൂചിപ്പാറയിലെ താഴ്ഭാഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും നാളെ തുടരും.
വിവിധ സംഘങ്ങളായി തിരിഞ്ഞായിരിക്കും പരിശോധന. തമിഴ്നാട് ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹായം അടക്കം പ്രയോജനപ്പെടുത്തിയാണ് ഇന്ന് തെരച്ചിൽ നടത്തിയത്. നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും.
365 പേരാണ് ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചത്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നു. ചാലിയാർ പുഴയിൽനിന്ന് ലഭിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ട്.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക ടൗണ്‍ഷിപ്പ് നിര്‍മിക്കും. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കും. ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായി നശിച്ചതിനാല്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തിരിച്ചറിയാനാകാത്ത 68 മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്കരിക്കും. സര്‍വമത പ്രാര്‍ഥനയോടെയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുക.
93 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 10,042 പേരാണ്. 81 പേരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.