രക്ഷാപ്രവർത്തനം അഭിനന്ദനാർഹം; ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി
Sunday, August 4, 2024 11:02 AM IST
തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിൽ എല്ലാ സേനാംഗങ്ങളും ഒന്നിച്ച് പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളാ പോലീസ് അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലേത് ദേശീയ തലത്തിൽ തന്നെയുണ്ടായ വലിയ ദുരന്തമാണ്. നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ല. ഒരു നാടാകെ ഇല്ലാതായതിന്റെ നടുക്കം ജനങ്ങളിലുണ്ട്.
മനുഷ്യത്വം സേനകളുടെ മുഖമുദ്രയാവുന്ന സന്ദർഭമാണ് കണ്ടത്. ജീവൻ പണയപ്പെടുത്തി സേനകൾ നടത്തിയ രക്ഷാപ്രവർത്തനം അഭിനന്ദനാർഹമാണ്. ദുരന്തഭൂമിയിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തനം മാതൃകാപരമാണ്.
സ്വന്തം ജീവൻ തൃണവൽക്കരിച്ചാണ് ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപരന്റെ ജീവിതം തന്റെ ജീവിതത്തേക്കാൾ വലുതെന്ന ബോധ്യമാണ് എല്ലാവരെയും നയിച്ചത്. ദുരന്തമുഖങ്ങളിൽ മനുഷ്യ സ്നേഹത്തിന്റെ ഊഷ്മളത കേരളം കാത്തു സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.