വീണ്ടും വീണു; സ്വർണവില താഴേക്ക്, 51,000 രൂപയ്ക്ക് മുകളിൽത്തന്നെ
Tuesday, August 6, 2024 10:54 AM IST
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സ്വർണവില വീണ്ടും താഴേക്ക്. പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 51,120 രൂപയിലും ഗ്രാമിന് 6,390 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,285 രൂപയിലെത്തി.
മൂന്ന് ദിവസമായി ഉയർന്ന സ്വർണവില ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. തുടർന്ന് തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4,500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നേരിയ തോതില്‍ വില കുറഞ്ഞത്.
മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില പിന്നീട് കഴിഞ്ഞ മാസം ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തുകയും പിന്നീട് വീണ്ടും 53,000 രൂപ കടക്കുകയുമായിരുന്നു.
അതേസമയം, ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്.
സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. മൂന്ന് രൂപ കുറഞ്ഞ് ഗ്രാമിന് 87 ആണ് ഇന്നത്തെ വില.