മന്ത്രിസഭായോഗം ഇന്ന്; മുണ്ടക്കൈ ദുരന്ത പുനരധിവാസം പ്രധാന അജണ്ട
Wednesday, August 7, 2024 8:33 AM IST
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം രാവിലെ ഒമ്പതരയ്ക്ക്. ഓണ്‍ലൈനായി ആണ് യോഗംചേരുക. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. താത്കാലിക ക്യാമ്പുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവില്‍ ആലോചിക്കുന്നത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ടൗണ്‍ഷിപ്പ് നിര്‍മിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം. ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനെക്കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, ഒന്‍പതാം ദിവസവും ദുരന്തഭൂമിയിൽ തിരച്ചില്‍ തുടരും. ബുധനാഴ്ച വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വിശദമായ പരിശോധന നടത്തും.
സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം ഇന്ന് ആറു കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയേക്കും.
അതേസമയം, ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ക്യാമ്പുകളില്‍ കഴിയുന്നവരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.