"ഭാരിച്ച' ഉത്തരവാദിത്വം ആര്‍ക്ക്? വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ ഉത്തരങ്ങളില്ലാതെ ചോദ്യങ്ങള്‍...
Wednesday, August 7, 2024 3:56 PM IST
പാരിസ്: ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിത, നിലവിലെ ഒളിംപിക്സ് ചാന്പ്യനെ അട്ടിമറിച്ച അദ്ഭുത പ്രതിഭ; വിനേഷ് ഫോഗട്ട്... അതേ മണിക്കൂറുകള്‍ ഇന്ത്യ ആഘോഷിച്ച ആ പേര് ലോകമിപ്പോള്‍ ചര്‍ച്ചയാക്കുന്നു. അതും ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ പേരില്‍.
വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ടിന്റെ അയോഗ്യത നമ്മുടെ രാജ്യത്തിന് നിരാശയും ലോകത്തിന് ഞെട്ടലുമാണ് നല്‍കുന്നത്. ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷിന്റെ തൂക്കം അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ വിനേഷ് കലാശപ്പോരാട്ടത്തില്‍ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡിനെ നേരിടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. കഴിഞ്ഞദിവസത്തെ സെമി ഫൈനല്‍ മത്സരത്തില്‍ ക്യൂബയുടെ യുസ്നേലിസ് ഗുസ്മാനെ കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. അതും സ്കോര്‍ 5-0 എന്ന നിലയില്‍.
കഴിഞ്ഞദിവസത്തെ വിജയത്തോടെ വിനേഷ് വെള്ളിയെങ്കിലും നേടുമെന്നുറപ്പിച്ച ഇന്ത്യയിലെ കായികപ്രേമികള്‍ ആഘോഷം ആരംഭിച്ചിരുന്നു. ഇന്നത്തെ പ്രഭാതത്തിലെത്തിയ എല്ലാ ദിനപത്രങ്ങളും അവരെ വാഴ്ത്തിപ്പാടി.
പാരീസ് ഒളിംപിക്സ് ഗുസ്തിയിലെ ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയാണിതെന്നറിയുമ്പോഴെ വിനേഷിന്റെ റേഞ്ച് നമുക്ക് മനസിലാകു.
എന്നാല്‍ വിനേഷിന്റെ അയോഗ്യത പല ആംഗിളുകളില്‍ ഇപ്പോൾ ചര്‍ച്ചയാവുകയാണ്. അതിന് രാഷ്ട്രീയപരമായ കാരണങ്ങള്‍ പോലും പലരും സംശയിക്കുന്നു. കാരണം പാരീസ് ഒളിംപിക്സിലെ ഗോദയില്‍ യുസ്നേലിസ് ഗുസ്മാനെ വിനേഷ് ഫോഗട്ട് മലര്‍ത്തി അടിച്ചനിമിഷം സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമുണ്ട്. ഡല്‍ഹിയിലെ തെരുവില്‍ അര്‍ധസൈനികരുടേയും പോലീസിന്റേയും കൈകള്‍ക്കിടയിലുള്ള വിനേഷ്...
കൈസര്‍ഗഞ്ച് ബിജെപി എംപിയായിരുന്ന ബ്രിജ് ഭൂഷണെതിരേ പോരാട്ടത്തിനിറങ്ങിയതായിരുന്നു വിനേഷും മറ്റ് ചില ഗുസ്തി താരങ്ങളും. ഗുസ്തി ഫെഡറേഷന്റെ അന്നത്തെ തലവനായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട് രംഗത്തെത്തിയത് വലിയ കൊടുങ്കാറ്റായി മാറിയിരുന്നു.
2023 ജനുവരിയില്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജംരംഗ് പുനിയ എന്നിവരാണ് ബ്രിജ്ഭൂഷനെതിരായി ലൈംഗികാരോപണം ഉന്നയിച്ചത്. ഗുസ്തി താരങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നീതി ലഭിക്കാത്തതിനാല്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുവാന്‍ താരങ്ങള്‍ തയാറായിട്ടുപോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടായില്ലെന്നത് വാര്‍ത്തയായിരുന്നു.
ഒടുവിൽ പരാതി സുപ്രീം കോടതിയില്‍ എത്തിയതോടെ മുഖം രക്ഷിക്കാനായി ബ്രിജ്ഭൂഷണെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. പക്ഷേ, നടപടികള്‍ കടലാസിലൊതുങ്ങി. പിന്നീട് താരങ്ങൾ ഏപ്രില്‍ 23നു ജന്തര്‍ മന്തറില്‍ രണ്ടാംഘട്ട സമരം ആരംഭിച്ചു. പാര്‍ലമെന്റ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത അതേദിനം തന്നെ വിനേഷ് ഉള്‍പ്പെടെയുള്ള താരങ്ങളെ നിരത്തിലൂടെ വലിച്ചിഴച്ചിരുന്നു.
ഒടുവില്‍ ഡിസംബറില്‍ ബ്രിജ്ഭൂഷന് റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു പടിയിറങ്ങി. ഈ പശ്ചാത്തലത്തില്‍ ആണ് ആളുകള്‍ വിനേഷിന്റെ അയോഗ്യതയെ സംശയത്തോടെ വീക്ഷിക്കുന്നത്.
ഗുസ്തിയിൽ 16 ൽ അധികം പേർ മത്സരിക്കുന്ന വിഭാഗമാണെങ്കില്‍ ഓരോ ദിവസവും ഭാരപരിശോധനയുണ്ടാകും. ആദ്യദിവസം 30 മിനുറ്റാണ് ഭാരം തെളിയിക്കാനുള്ള അവസരം നല്‍കുന്നത്. ഈ 30 മിനിറ്റ് സമയത്തിനുള്ളില്‍ എത്ര ശ്രമങ്ങള്‍ വേണമെങ്കിലും നടത്താം.
50 കിലോ വിഭാഗത്തില്‍ ഉപയോഗിക്കുന്ന വസ്ത്രം ഉള്‍പ്പെടെ 49.5-50 കിലോഗ്രാമിനുള്ളിലായിരിക്കണം ശരീരഭാരം. മത്സരദിവസത്തിൽ പരിശോധന സമയപരിധി 15 മിനുറ്റായി ചുരുക്കും. എന്നാല്‍ രണ്ടാംദിനം വിനേഷിന്റെ ഭാരം 50 കിലോയും 100 ഗ്രാമുമായിരുന്നു.
കഴിഞ്ഞദിവസം രണ്ടര മുതല്‍ മൂന്നു കിലോവരെ ഭാരം കൂടിയതിനാല്‍ വിനേഷ് രാത്രി മുഴുവന്‍ പരിശീലിച്ചിരുന്നു. ഉറങ്ങാതെ രാത്രി മുഴുവന്‍ പരിശീലനം നടത്തിയിട്ടും 100 ഗ്രാമിന്റെ കൂടുതലുണ്ടായി. എന്നാല്‍ 10 ഗ്രാമിന്റെ വ്യത്യസമായാലും നിയമപ്രകാരം അയോഗ്യതയാണ്.
ഇത് ആദ്യമായല്ല വിനേഷിന് ഭാരം നിലനിര്‍ത്താനാകാതെ പോകുന്നത്. ഒളിംപിക്സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിച്ചു.
വിനേഷിന്റെ കാര്യത്തില്‍ സാങ്കേതിക ടീമിന് വീഴ്ചയുണ്ടായതായി പലരും ചൂണ്ടിക്കാട്ടുന്നു. ശരീരഭാരം കൃത്യമായി കണക്കുകൂട്ടി വേണം മുന്നോട്ട് പോകാന്‍. പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഈ നിയമം എല്ലാവര്ക്കും വ്യക്തമായി അറിയാവുന്നതിനാല്‍ ഫിസിയോ അടക്കമുള്ള സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് അത്ര നിഷ്കളങ്കമായി പലരും കാണുന്നില്ല.
ലോക ചാന്പ്യന്ഷിപ്പില് രണ്ട് വെങ്കലം, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു സ്വര്‍ണം, ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ് ജേതാവ് എന്നിങ്ങനെ മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള താരമാണ് ഇരുപത്തൊന്‍പതുകാരിയായ വിനേഷ് ഫോഗട്ട്.
33-ാം ഒളിന്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാന പോരാട്ടമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിനേഷ് ഇപ്പോള്‍ അവസാന സ്ഥാനക്കാരിയായി മാറിയിരിക്കുന്നു. വിനേഷിന്റെ അയോഗ്യതയ്ക്ക് പിന്നിലെ വസ്തുത വൈകാതെ പുറത്തുവരുമെന്ന് പ്രത്യാശിക്കാം. എന്നാല്‍ തീയില്‍ കുരുത്ത ആ യുവതി വെയിലത്ത് വാടില്ലെന്നത് ഉറപ്പാണ്. നാം ഓരോരുത്തരും അവര്‍ക്ക് ആശ്വാസത്തിന്റെ കുടയാകണം...