കർണാടകയിൽ ഡാമിന്റെ ഗേറ്റ് തകര്‍ന്നു; ജലം പുറത്തേക്ക് ഒഴുക്കുന്നു; നാല് ജില്ലകളിൽ ജാഗ്രത
Sunday, August 11, 2024 9:42 AM IST
ബംഗളൂരു: കര്‍ണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു. രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്.
ഇതോടെ ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്ന് വൻ തോതിൽ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. 35000 ക്യുസെക്സ് ജലമാണ് ഇതുവരെ പുറത്തേക്ക് ഒഴുക്കിയത്. 60 ടിഎംസി അടി ജലം ഒഴുക്കിക്കളഞ്ഞാല്‍ മാത്രമേ ഗേറ്റ് വീണ്ടും പണിത് ഇതുവഴി വെള്ളം പുറത്തേക്ക് പോകുന്നത് തടയാന്‍ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
കൊപ്പാല്‍, വിജയനഗര, ബെല്ലാരി, റായ്ച്ചൂരി എന്നീ നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ ആള്‍താമസമില്ലാത്ത മേഖലയാണ് ഇത്. എന്നാല്‍ കൃഷിയിടങ്ങള്‍ക്ക് അടക്കം വലിയ നാശനാഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തെ കല്ലുകൊണ്ട് കെട്ടിയ ഏറ്റവും വലിയ ഡാമുകളില്‍ ഒന്നാണ് തുംഗഭദ്ര.