മനുഷ്യക്കടത്ത്: ഇടനിലക്കാരനെ പൂട്ടാന്‍ പോലീസ്
Monday, August 12, 2024 6:16 AM IST
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിനു ചൈനീസ് കമ്പനിക്കു കൊച്ചിയില്‍നിന്ന് ആളുകളെ വിറ്റ കേസില്‍ മലയാളിയായ ഇടനിലക്കാരനെ പൂട്ടാന്‍ പോലീസ്. ഇതിന്റെ ഭാഗമായി ജോലി തട്ടിപ്പിനിരയായ കംബോഡിയയില്നിന്നു കഴിഞ്ഞദിവസം നാട്ടില്‍ തിരിച്ചെത്തിയവരില്നിന്നു പോലീസ് വിവരങ്ങള്‍ ശേഖരിക്കും.
അതിനിടെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ കേസില്‍ അറസ്റ്റിലായ പ്രതി പള്ളരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെ(34) കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സമാനരീതിയില്‍ തട്ടിപ്പിനിരയായി ലാവോസില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുകയാണ്.
കൊച്ചിയില്‍നിന്നു ലാവോസിലേക്കു പോയ സംഘത്തെ ഇവിടെ എത്തിച്ചതിലടക്കം ഇടനിലനിന്ന മലയാളി ഇപ്പോഴും ലാവോസില്‍ തുടരുകയാണ്. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ മുഖേന മുമ്പ് ഇത്തരത്തില്‍ ജോലിക്കായി വിദേശത്തേക്കു പോയവരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം, മടങ്ങിയെത്തിയവരില്‍ ഒരാള്‍ ഒഴികെ മറ്റാരും ഇനിയും പരാതി നല്കാന് തയാറായിട്ടില്ല.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണു തോപ്പുംപടി പോലീസ്.