കനത്ത മഴ; രാജസ്ഥാനിൽ 20 പേർ മരിച്ചു
Monday, August 12, 2024 10:51 AM IST
ജയ്പൂർ: മഴക്കെടുതിയിൽ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി 20 പേർ മരിച്ചു. നദികൾ കരകവിഞ്ഞൊഴുകിയതോടെ ജയ്പൂർ, കരൗലി, സവായ് മധോപൂർ, ദൗസ തെരുവുകൾ വെള്ളത്തിലായി.
ജയ്പൂരിലെ കനോട്ട അണക്കെട്ടിൽ അഞ്ച് യുവാക്കൾ മുങ്ങിമരിച്ചു. ഭരത്പൂർ ജില്ലയിൽ ഏഴ് പേരും ജയ്പൂർ റൂറലിലെ ഫാഗിയിലും മധോരാജ്പുരയിലും ബീവാറിലും രണ്ട് വീതം പേരും ബാരാപുരയിലും ബൻസ്വാരയിലും ഓരോ ആളുകളും മരിച്ചെന്നാണ് വിവരം.
ജയ്പൂരിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കരൗലി ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ നാശം വിതച്ചത്. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച ഉച്ചവരെ 15 ഇഞ്ച് മഴ രേഖപ്പെടുത്തിയ ഹിന്ദുവിലും കരൗലിയിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുണ്ടെന്ന് ദുരിതാശ്വാസ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.