വയനാട് ഉരുൾപൊട്ടൽ; തെരച്ചിൽ രണ്ടു ദിവസം കൂടി : മന്ത്രി കെ.രാജൻ
Wednesday, August 14, 2024 6:38 PM IST
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ രണ്ടു ദിവസം കൂടി തുടരുമെന്ന് മന്ത്രി കെ.രാജൻ. ക്യാമ്പുകളിലുള്ളവരുടെ എണ്ണം പതിയെ കുറയ്ക്കുമെന്നും ദുരന്തഭൂമിയിൽ സന്ദർശകർ എത്തരുതെന്നും കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
495 കുടുംബങ്ങളിലെ 1350 പേരാണ് ക്യാമ്പിലുള്ളത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ആറു ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എസ്ഡിആര്എഫില് നിന്ന് നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക.
മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം ഉണ്ടാകും. 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപയുമാണ് ധനസഹായം നല്‍കുക.