കാഫിർ സ്ക്രീൻഷോട്ട്; റിബേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി
Wednesday, August 14, 2024 10:55 PM IST
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. വടകര ആറങ്ങോട്ട് എംഎൽപി സ്കൂൾ അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി. ദുൽഖിഫിലാണ് പരാതി നൽകിയത്. റിബേഷ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന് ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റാണ് റിബേഷ്.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്നും കാസിം ആരോപിച്ചു.
റിബേഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ റെഡ് എന്‍ കൗണ്ടേഴ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു.
റിബേഷ് രാമകൃഷ്ണന് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.