സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡ് വെള്ളിയാഴ്ച കേരളത്തിൽ
Thursday, August 15, 2024 3:09 PM IST
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വെള്ളിയാഴ്ച കേരളത്തിലെത്തും.
ഹൈക്കോടതിയിലെ മോഡൽ ഡിജിറ്റൽ കോർട്ട് റൂം, ഡിജിറ്റൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, ജുഡീഷൽ അക്കാദമിയിലെ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം, കൊല്ലത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഡിജിറ്റൽ കോടതി തുടങ്ങിയവയുടെയും റാം മോഹൻ പാലസ് പുനരുദ്ധാരണ പദ്ധതിയുടെയും ഉദ്ഘാടനത്തിനാണ് ചീഫ് ജസ്റ്റീസ് എത്തുന്നത്. കുമരകത്ത് കോമണ്‍വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് സംബന്ധിക്കും.
വൈകുന്നേരം 3.45ന് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇതാദ്യമായാണ് ചീഫ് ജസ്റ്റീസും മുഖ്യമന്ത്രിയും ഒരു വേദിയിലെത്തുന്നത്.
സുപ്രീം കോടതി ജഡ്ജി സി.ടി. രവികുമാർ, കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ഹൈക്കോടതി ജഡ്ജിമാരായ ഡോ. എ.കെ. ജയശങ്കർ നമ്പ്യാർ, വി. രാജാ വിജയ രാഘവൻ, നന്ദൻ നിലേക്കനി എന്നിവരും ചടങ്ങിൽ സംസാരിക്കും.
ഏഴു വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കേരള ഹൈക്കോടതിയിലെത്തുന്നത്. ഇതിനുമുമ്പ് ജസ്റ്റീസ് ദീപക് മിശ്ര ഹൈക്കോടതി സുവര്‍ണ ജൂബിലി പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.