മുഷ്ഫിഖുറിന് സെഞ്ചുറി; റാവല്‍പിണ്ടിയിൽ തിരിച്ചടിച്ച് ബംഗ്ലാദേശ്, ലീഡ്
Saturday, August 24, 2024 3:50 PM IST
റാവല്‍പിണ്ടി: പാക്കിസ്ഥാനെതിരായ റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിച്ച് ബംഗ്ലാദേശ്. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 448 റൺസിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്ന ബംഗ്ലാദേശ് നാലാംദിവസം ചായയ്ക്കു പിരിയുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 495 റൺസെന്ന നിലയിലാണ്.
സെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹീമിന്റെ കരുത്തിലാണ് ബംഗ്ലാദേശ് റൺമല കടന്നത്. 173 റൺസുമായി മുഷ്ഫിഖുറും 50 റൺസുമായി മെഹിദി ഹസൻ മിറാസുമാണ് ക്രീസിൽ. നിലവിൽ ബംഗ്ലാദേശിന് 47 റൺസിന്റെ ലീഡുണ്ട്.
നേരത്തെ സൗദ് ഷക്കീൽ (141), മുഹമ്മദ് റിസ്വാൻ (171) എന്നിവരുടെ സെഞ്ചുറികളാണ് അതിഥേയരെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 53 റൺസെടുക്കുന്നതിനിടെ ഓപ്പണര്‍ സാക്കിര്‍ ഹസനും (12) ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയും (16) കൂടാരം പൂകി. തുടർന്ന് ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും (93), മൊനിമുള്‍ ഹഖും (50) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവർത്തനം ബംഗ്ലാദേശിനെ നൂറുകടത്തി.
അർധസെഞ്ചുറിക്കു പിന്നാലെ മൊനിമുൾ പുറത്തായെങ്കിലും ഷദ്മാന്‍ പിന്തുണയുമായി മുഷ്ഫിഖുര്‍ റഹീം എത്തി സ്കോർ ഉയർത്തി. സെഞ്ചുറിക്ക് ഏഴു റണ്‍സകലെ ഷദ്മാൻ ഇസ്ലാം (93) പുറത്തായി. പിന്നാലെ ഷാക്കിബ് അല്‍ ഹസനും (15) മടങ്ങിയതോടെ ബംഗ്ലാദേശ് അഞ്ചിന് 218 റൺസെന്ന നിലയിലായി. എന്നാൽ ലീഡ് സ്വപ്നം കണ്ട പാക്കിസ്ഥാനെ നിരാശയിലാക്കി ആറാം വിക്കറ്റിൽ ലിറ്റൺ ദാസും മുഷ്ഫിഖുർ റഹീമും ചേർന്ന് തകർത്തടിച്ചു. ഇതിനിടെ മുഷ്ഫിഖുർ സെഞ്ചുറിയിലെത്തി.
56 റൺസെടുത്ത ലിറ്റൺ ദാസ് പുറത്തായതിനു പിന്നാലെ മെഹിദി ഹസനെ കൂട്ടുപിടിച്ച് മുഷ്ഫിഖുർ സ്കോർ 450 കടത്തി. 20 ഫോറുകളും ഒരു സിക്സറുമുൾപ്പെടെയാണ് മുഷ്ഫിഖുർ 173 റൺസെടുത്തത്.
പാക്കിസ്ഥാനു വേണ്ടി നസീം ഷാ, ഖുറം ഷഹ്സാദ് എന്നിവർ രണ്ടുവിക്കറ്റ് വീതവും മുഹമ്മദ് അലി, സയിം അയൂബ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.