ജമ്മു കാഷ്മീര്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി
Monday, August 26, 2024 11:52 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ നിയമസഭാ തെരഞ്ഞെപ്പിടുനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെയും, രണ്ടാ ഘട്ടത്തിലെ 10 സ്ഥാനാര്‍ഥികളുടെയും, മൂന്നാംഘട്ടത്തിലെ 14 പേരുടെയും പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
രാജ്പുരയില്‍ നിന്ന് അര്‍ഷിദ് ഭട്, ഷോപിയനില്‍ നിന്ന് ജാവേദ് അഹ്മദ് ഖദ്രി, അനന്ത്നാഗ് വെസ്റ്റില്‍ നിന്ന് മുഹമ്മദ് റഫീഖ് വാണി, അനന്ത്നാഗില്‍ നിന്ന് സയിദ് വസാഹത്, കിശ്ത്വാറില്‍ നിന്ന് സുശ്രി ഷഗുണ്‍ പരിഹാര്‍, ദോഡയില്‍ നിന്ന് ഗജയ് സിംഗ് റാണ എന്നിവര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കും.
നേരത്തെ, ജമ്മുവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും തങ്ങൾ മത്സരിക്കാത്ത കാഷ്മീര്‍ താഴ്വാരകളിലെ സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ജമ്മുവില്‍ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുന്നത്. 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കുറി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
കാഷ്മീര്‍ താഴ്വരയിലെ 16 മണ്ഡലങ്ങളിലും ജമ്മു മേഖലയിലെ എട്ടു മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് ഫല പ്രഖ്യാപനം.
2019ല്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. നിലവില്‍ ജമ്മു കാഷ്മീര്‍, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് ഇവിടെയുള്ളത്.