ജമ്മു കാഷ്മീര്‍ തെരഞ്ഞെടുപ്പ്: പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥി പട്ടിക പിന്‍വലിച്ച് ബിജെപി
Monday, August 26, 2024 2:09 PM IST
ശ്രീനഗർ: ജമ്മു കാഷ്മീര്‍ നിയമസഭാ തെരഞ്ഞെപ്പിടുനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. ആദ്യഘട്ടത്തിലെ പേരുകള്‍ മാത്രം പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മറ്റ് രണ്ട് ഘട്ടങ്ങളിലേയും സ്ഥാനാര്‍ഥികളുടെ പേര് തെറ്റായി ഉള്‍പ്പെടുത്തി. ഇതിനാലാണ് പട്ടിക പിന്‍വലിക്കുന്നതെന്നാണ് ബിജെപി നേതൃത്വം നല്കുന്ന സൂചന.
എന്നാല്‍ ബിജപിയുടെ പ്രധാന നേതാക്കളുടെ പേരുകള്‍ പട്ടികയിലുള്പ്പെട്ടിരുന്നില്ലെന്നും ഇതാണ് പട്ടിക പിന്‍വലിക്കാന്‍ കാരണമെന്നുമാണ് മറ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ, ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെയും, രണ്ടാ ഘട്ടത്തിലെ 10 സ്ഥാനാര്‍ഥികളുടെയും, മൂന്നാംഘട്ടത്തിലെ 14 പേരുടെയും പട്ടികയാണ് പുറത്തുവിട്ടത്.
രാജ്പുരയില്‍ നിന്ന് അര്‍ഷിദ് ഭട്, ഷോപിയനില്‍ നിന്ന് ജാവേദ് അഹ്മദ് ഖദ്രി, അനന്ത്നാഗ് വെസ്റ്റില്‍ നിന്ന് മുഹമ്മദ് റഫീഖ് വാണി, അനന്ത്നാഗില്‍ നിന്ന് സയിദ് വസാഹത്, കിശ്ത്വാറില്‍ നിന്ന് സുശ്രി ഷഗുണ്‍ പരിഹാര്‍, ദോഡയില്‍ നിന്ന് ഗജയ് സിംഗ് റാണ എന്നിവര്‍ മത്സരിക്കുമെന്നായിരുന്നു വിവരം.
എന്നാല്‍ 44 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിക്കുകയായിരുന്നു. ജമ്മു കാഷ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റൈന, മുന്‍ മുഖ്യമന്ത്രിമാരായ നിര്‍മല്‍ സിംഗ്, കവീന്ദര്‍ ഗുപ്ത തുടങ്ങിയവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല.
പക്ഷെ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന ദേവേന്ദ്ര റാണയുടെ പേര് പട്ടികയിലുണ്ടായിരുന്നു. രണ്ട് കാഷ്മീരി പണ്ഡിറ്റുകള്‍, 14 മുസ്ലിം സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങി വിവിധ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് ചേര്‍ന്ന പലരുടെയും പേരുകള്‍ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നു.
10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ജമ്മുവില്‍ നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകുന്നത്. 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കുറി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിലാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
കാഷ്മീര്‍ താഴ്വരയിലെ 16 മണ്ഡലങ്ങളിലും ജമ്മു മേഖലയിലെ എട്ടു മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് ഫല പ്രഖ്യാപനം.
2019ല്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. നിലവില്‍ ജമ്മു കാഷ്മീര്‍, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാണ് ഇവിടെയുള്ളത്.