ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് 32 സീറ്റിൽ മത്സരിക്കും
Monday, August 26, 2024 9:38 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയായി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും.
അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമായിരിക്കുമെന്നും പിസിസി അധ്യക്ഷന്‍ താരഖ് ഹമീദ് കര് അറിയിച്ചു. അവശേഷിക്കുന്ന രണ്ട് സീറ്റുകളിൽ ഓരോന്നിൽ സിപിഎമ്മും പാന്തേഴ്സ് പാര്‍ട്ടിയും മത്സരിക്കും. ശ്രീനഗറില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രഖ്യാപനം.
90 സീറ്റുകളിലേക്കാണ് ജമ്മുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുപോരാടുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വര്‍ഗീയവത്കരിക്കാനും ഭിന്നിപ്പിക്കാനും രാജ്യത്തെ തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒരുമിച്ച് പോരാടാനാണ് രാജ്യത്ത് ഇന്ത്യാ സംഖ്യം രൂപവത്കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തിയതികളില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. തിങ്കളാഴ്ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.