വിലങ്ങാട് ഉരുള്‍പൊട്ടല്‍; 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
Thursday, August 29, 2024 3:57 PM IST
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കുമെന്നും റവന്യു മന്ത്രി കെ. രാജൻ അറിയിച്ചു.
ദുരിതബാധിതർക്ക് 6,000 രൂപ വീതം വാടകയിനത്തിൽ നൽകും. ഈ പ്രദേശങ്ങളിലുള്ളവർക്ക് സൗജന്യ റേഷൻ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാശനഷ്ടത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്.
ക്യാമ്പുകളിൽ ഉണ്ടായിരുന്നവരെ ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും മാറ്റി. വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 വാർഡുകൾ, നരിപ്പറ്റ പഞ്ചായത്തിലെ ചില വാർഡുകൾ എന്നിവ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
അതേസമയം, വയനാട് താത്കാലികമായ ദുരിതാശ്വാസം പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. 10,000 രൂപ വരെയുള്ള താത്കാലിക സഹായം ആദ്യഘട്ടത്തിൽ നൽകി. ഇതിനകം 93 കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ നൽകിക്കഴിഞ്ഞു. ആശുപത്രിയിൽ നിന്ന് വരുന്നവർക്കടക്കം താത്കാലിക താമസം ശരിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.