സിദ്ദിഖിനെതിരായ കേസ്; അന്വേഷണത്തിന് പുതിയ സംഘം
Thursday, August 29, 2024 10:43 PM IST
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ച് ഡിജിപി ഉത്തരവിറക്കി. എസ്പി മധുസൂദനൻ, ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ വിജു കുമാർ, മ്യൂസിയെ എസ്എച്ച്ഒ, എസ്ഐ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുള്ളവർ.
അതേസമയം പീഡനം നടന്നെന്ന് ആരോപിക്കുന്ന മസ്കറ്റ് ഹോട്ടലിലെ രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് വിവരം. മസ്കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
2016ൽ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണു പോലീസ് ശേഖരിച്ചത്.
2016ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചര്‍ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചതെന്നും റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയതെന്നുമാണ് പരാതിക്കാരി മൊഴി നല്‍കിയത്.
മസ്കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ രജിസ്റ്ററില്‍ സിദ്ദിഖിന്റെയും നടിയുടേയും പേരുകളുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചതായാണ് വിവരം.
പരാതിക്കാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും പോലീസ് ശേഖരിക്കും.