യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; അല്‍കാരസിനെ പുറത്താക്കി 74-ാം നമ്പർ താരം
Friday, August 30, 2024 12:47 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ വമ്പൻ അട്ടിമറി. പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരവും യുഎസ് ഓപ്പണ്‍ മുൻ ചാംപ്യനുമായ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ പുറത്തായി.
ലോക 74-ാം നമ്പര്‍ താരം നെതര്‍ലന്‍ഡ്സിന്റെ ബോട്ടിക് വാന്‍ ഡെ സാന്‍ഡ്ചൾപാണ് അല്‍കാരസിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡച്ച് താരത്തിന്റെ വിജയം. സ്കോര്‍ 6-1, 7-5, 6-4.
ആദ്യ സെറ്റ് മുതല്‍ ബോട്ടിക്കിന്റെ ആധിപത്യമാണ് പ്രകടമായത്. രണ്ടും മൂന്നും സെറ്റുകളിൽ തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും അൽകാരസിന് മുന്നേറാൻ അവസരമുണ്ടായില്ല.
നേരത്തെ പാരിസ് ഒളിംപിക്സ് ഫൈനലില്‍ സെര്‍ബിയന്‍ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട് അൽകാരസിന് സ്വർണം നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് ഓപ്പണിലെ തിരിച്ചടി.