താനൂർ കസ്റ്റഡി മരണം കൊലപാതകമോ?; ശബ്ദരേഖ പുറത്തുവിട്ട് പി.വി.അൻവർ
Sunday, September 1, 2024 9:35 PM IST
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തില്‍ മുൻ മലപ്പുറം എസ്പി സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ട് പി.വി.അൻവർ എംഎല്‍എ. താമിർ ജിഫ്രിയെ മനപൂർവം കൊല്ലണമെന്ന് ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡി കൊലയുടെ പേരില്‍ ജയിലില്‍ പോവുമോയെന്ന് ഭയമുണ്ടെന്നും സുജിത് ദാസ് ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
വല്ലാത്ത മാനസികാവസ്ഥയിലാണ് താനെന്നും സുജിത് ദാസ് പറയുന്നു. മലപ്പുറം മുൻ എസ്പി സുജിത് ദാസിന്റെ ടെലിഫോണ്‍ സംഭാഷണത്തിലൂടെ താനൂർ കസ്റ്റഡി കൊലപാതകം സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഓഡിയോ സന്ദേശം തെളിവായി സ്വീകരിച്ച് സുജിത് ദാസിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ് താമിർ ജിഫ്രിയുടെ കുടുംബം.
ലഹരിമരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവർ വിഴുങ്ങിയാണ് താമിർ ജിഫ്രി മരിച്ചതെന്നാണ് പി.വി.അൻവറിനോട് സുജിത് ദാസ് ആദ്യം പറയുന്നത്. കൊല്ലാൻ വേണ്ടി മർദിച്ചില്ലെന്നും പറയുന്നു. താനൂർ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ പോകേണ്ടി വരുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് മരംമുറിയില്‍ പരാതി വന്നിരിക്കുന്നതെന്നും സുജിത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
എംഎല്‍എ പരാതി കൊടുത്താല്‍ പ്രശ്നമാണെന്നും സുജിത് ദാസ് പറയുന്നു. പുറംലോകം അറിയില്ല. പരാതി പിൻവലിക്കണം. തന്റെ സമാധനത്തിനായി അത് ചെയ്യണമെന്നും മനസമാധാനത്തോടെ ജോലി ചെയ്യേണ്ടതുണ്ടെന്നും സുജിത് ദാസ് പറയുന്നു. നിലവിലെ മലപ്പുറം എസ്പി ശശിധരനെ പിടിക്കാൻ പല വഴിയുണ്ട്.
മലപ്പുറം എസ്പിക്ക് തന്നോട് ശത്രുതയാണെന്നും സുജിത് ദാസ് പറയുന്നു. തന്നെ മോശക്കാരനാക്കാനാണ് ശശിധരൻ ശ്രമിക്കുന്നത്. എം.ആർ.അജിത്കുമാറിന്റെ പിന്തുണ എസ്പി ശശീന്ദ്രന് ഉണ്ട്. മലപ്പുറം എസ്പിക്ക് തലയ്ക്ക് അസുഖമാണെന്നും ഫോണ്‍ സംഭാഷണത്തില്‍ സുജിത് ദാസ് പറയുന്നു.
അതേസമയം തെറ്റ് ചെയ്തതു കൊണ്ടാണ് സുജിത് ദാസ് ഭയപ്പെടുന്നത് എന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. തെറ്റ് ചെയ്യാത്ത ഒരാള്‍ പേടിക്കേണ്ട ആവശ്യമില്ല. എസ്പി ചെയ്ത തെറ്റിന് അയാള്‍ ശിക്ഷിക്കപ്പെടണം. ഭരണപക്ഷ എംഎല്‍എയാണ് ആരോപണം ഉന്നയിച്ചത്. സർക്കാർ തീർച്ചയായും അത് കണക്കിലെടുക്കണമെന്നും സഹോദരൻ പറഞ്ഞു.
അൻവർ എംഎല്‍എയുടെ കോള്‍ റെക്കോർഡ് തെളിവായി സ്വീകരിച്ച് സുജിത്ത് ദാസിനെ പ്രതി ചേർക്കണമെന്നും ഇക്കാര്യം സിബിഐയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.