പൂരം കലക്കിയെന്ന ആരോപണം; എം.ആർ.അജിത് കുമാറിനെതിരേ പോലീസിൽ പരാതി
Monday, September 2, 2024 11:30 AM IST
തൃശൂര്‍: എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി.പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകനായ വി.ആർ.അനൂപാണ് പരാതി നൽകിയത്.
പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി. എംഎൽഎയുടെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണമെന്ന് പരാതിയിൽ പറയുന്നു. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അതേസമയം എഡിജിപി എം.ആര്.അജിത് കുമാറിനെതിരേ പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. പത്തനംതിട്ട എസ്പി എസ്.സുജിത്ദാസിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചനയും മുഖ്യമന്ത്രി നല്കി.
കോട്ടയത്ത് പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ എഡിജിപി അടക്കം വേദിയിലിരിക്കെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.