പൂരം കലക്കിയതിന് പിന്നിലെ സൂത്രധാരൻ വി.എസ്. സുനില്‍കുമാർ: ബി. ഗോപാലകൃഷ്ണൻ
Wednesday, September 4, 2024 10:00 PM IST
തൃശൂര്‍: പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ സൂത്രധാരൻ വി.എസ്. സുനില്‍കുമാർ ആണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സുനിലിന് ഇപ്പോള്‍ മനോവിഭ്രാന്തി ബാധിച്ചതിനാലാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
പൂരം കലക്കിയിട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് സുനിൽ ശ്രമിച്ചത്. പൂരം അലങ്കോലമാക്കിയതിൽ സുനില്‍ കുമാര്‍ പരാതി നല്‍കിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ബിജെപി പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ പൂരത്തിന്റെ രക്ഷകനായി വന്ന സുനില്‍ കുമാര്‍ 2024ൽ പൂരത്തിന്റെ അന്തകനായി എത്തി. പൂരത്തിന്റെ അന്തകനാണ് സുനില്‍കുമാറെന്ന് ജനം തിരിച്ചറിഞ്ഞതിനാലാണ് തോല്‍പ്പിച്ചത്.
എം.വി. ഗോവിന്ദന് നട്ടെല്ലുണ്ടെങ്കിൽ ശശിയെയും എഡിജിപിയെയും മാറ്റിനിർത്തണം. ഇല്ലെങ്കിൽ സിപിഎം കൊള്ളക്കാരുടെ പാർട്ടിയാവും.
സിപിഎമ്മിലെ കൊട്ടാര വിപ്ലവമാണ് അൻവറിന്റെ വെളിപ്പെടുത്തലും ജയരാജന്റെ പുറത്താകലും. അന്‍വറിന്റെ വാക്കുകളാണ് സുനില്‍കുമാറിന്റെ വാക്കുകള്‍. പൂരം അട്ടിമറിക്കാൻ പോലീസ് തലപ്പത്ത് ഗൂഢാലോചന നടത്തിയെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.