പ്രധാനമന്ത്രി സിംഗപ്പുരിൽ: ഉഭയകക്ഷി ചർച്ചകൾ ഇന്ന്
Thursday, September 5, 2024 10:02 AM IST
സിംഗപ്പുർ: ദ്വിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി സിംഗപ്പുരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കും.
ചർച്ചകൾക്കു മുന്നോടിയായി ബുധനാഴ്ച സിംഗപ്പുർ പ്രധാനമന്ത്രി ലോറൻസ് വോംഗ് പ്രധാനമന്ത്രിക്കു സ്വകാര്യവിരുന്നൊരുക്കിയിരുന്നു. ഇന്ന് പാർലമെന്റ് ഹൗസിൽ പ്രസിഡന്റ് തർമൻ ഷണ്മുഖരത്നം, പ്രധാനമന്ത്രി വോംഗ് എന്നിവരുമായി വിശദചർച്ച നടത്തും.
വ്യാപാരം, ആഗോള, പ്രാദേശിക വിഷയങ്ങൾ എന്നിവ അടക്കമുള്ള ചർച്ചകളിലൂടെ ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിടും. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന രാജ്യമാണു സിംഗപ്പുർ. കഴിഞ്ഞ സാന്പത്തികവർഷം ഇത് 11.77 ബില്യണ്‍ ഡോളറായിരുന്നു.
സിംഗപ്പുരിൽ വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും.വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
ബ്രൂണെയിൽനിന്ന് സിംഗപ്പുരിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ആവേശകരമായ വരവേൽപ്പാണ് ഒരുക്കിയത്.