പീഡനപരാതിക്ക് പിന്നിൽ മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ചതിന്റെ വിരോധം: ഡിവൈഎസ്പി വി.വി. ബെന്നി
Friday, September 6, 2024 11:42 AM IST
തിരുവനന്തപുരം: തനിക്കെതിരെയുള്ള യുവതിയുടെ ലൈംഗിക പീഡന ആരോപണത്തിന് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായ ഗൂഢാലോചനയെന്ന് ഡിവൈഎസ്പി വി.വി. ബെന്നി. ഇതിന്റെ പക തീർക്കാനാണ് തനിക്കെതിരെ ഒരു വാർത്താ ചാനൽ തുടർച്ചയായി വ്യാജ വാർത്ത നൽകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ പരാതി നൽകും. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ നിരന്തരം വേട്ടയാടുകയാണ്. മാനനഷ്ടത്തിന് കേസ് കൊടുക്കും.
ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ പൊന്നാനി സിഐ വിനോദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് 2022ൽ എസ്പിക്ക് ആദ്യം പരാതി നൽകിയിരുന്നു. ഇവരുടെ പരാതിയിൽ കഴമ്പില്ലെന്ന് രണ്ട് തലത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായതാണ്.
ഇവരുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് തനിക്ക് നിര്‍ദേശം നല്കി. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇതിനുപുറമെ സംഭവത്തില്‍ സ്പൈഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ പരാതി തള്ളിയതാണെന്നും അദ്ദേഹം പ്രതികരിച്ചു.
പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നായിരുന്നു പൊന്നാനി സ്വദേശിയായ യുവതിയുടെ ആരോപണം. തിരൂര്‍ മുന്‍ ഡിവൈഎസ്പി വി.വി. ബെന്നി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നും ഇവർ ആരോപിച്ചിരുന്നു.