നിരപരാധിത്വം തെളിഞ്ഞാല്‍ ആരോപണമുന്നയിച്ചവര്ക്കെതിരേ കേസെടുക്കണം; മുഖ്യമന്ത്രിക്ക് എഡിജിപിയുടെ കത്ത്
Monday, September 9, 2024 12:04 PM IST
തിരുവനന്തപുരം: തനിക്കെതിരായി ആരോപണമുന്നയിച്ചവര്ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഡിജിപി എം.ആര്.അജിത് കുമാറിന്റെ കത്ത്. താന്‍ നിരപരാധിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ആരോപണമുന്നയിച്ചവര്ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.
ആരോപണം തനിക്കും കുടുംബത്തിനും മാനഹാനി വരുത്തി. നിരപരാധിത്വം തെളിഞ്ഞാൽ സർക്കാർ കേസ് ഫയൽ ചെയ്യണം. സെഷൻസ് കോടതിയിൽ സർക്കാരിനു തന്നെ കേസ് ഫയൽ ചെയ്യാമെന്നതുൾപ്പെടെയുള്ള നിയമനടപടികളുടെ വിശദാംശങ്ങൾ കൂടി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, എഡിജിപിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ മൊഴിയെടുക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് അജിത് കുമാർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
നേരത്തേ തന്നെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.