മുഖ്യമന്ത്രി വിമർശിക്കപ്പെടുമോ?; ഇടതുമുന്നണി യോഗം ഇന്ന്
Wednesday, September 11, 2024 6:20 AM IST
തിരുവനന്തപുരം: ഇ.പി. ജയരാജനെ കണ്‍വീനർ സ്ഥാനത്തുനിന്നു സിപിഎം മാറ്റിയതിനു ശേഷമുള്ള ആദ്യ ഇടതുമുന്നണി യോഗം ഇന്നു ചേരും. വൈകിട്ട് മൂന്നിന് എകെജി സെന്ററിലാണ് യോഗം.
നിലന്പൂർ എംഎൽഎ പി.വി. അൻവർ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഉയർത്തിയ ആരോപണങ്ങൾ സർക്കാരിനെയും മുന്നണിയേയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽകൂടിയാണു യോഗം.
എഡിജിപിയെ ചുമതലയിൽനിന്നു മാറ്റിനിർത്തി അന്വേഷിക്കണമെന്നാണു സിപിഐയുടെ നിലപാട്. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ എന്തു പറയുമെന്നാണു ആകാംക്ഷ.
അതേസമയം പോലീസ് തലപ്പത്ത് സർക്കാർ അഴിച്ചു പണി നടത്തി. സി.എച്ച്. നാഗരാജുവിനെ ഗതാഗത കമ്മീഷണറായും ദക്ഷിണ മേഖല ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു.
നിലവിൽ കൊച്ചി കമ്മീഷണറാണ് ശ്യാം സുന്ദർ. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണർ. എ.അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ഐപിഎസ് തലപ്പത്തു വൻ മാറ്റങ്ങൾ വന്നത്. അതിനിടെ മലപ്പുറം പോലീസിലും അഴിച്ച് പണി നടത്തിയിരിക്കുകയാണ് സർക്കാർ. മലപ്പുറം എസ്പി എസ്.ശശിധരനെയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റി.