കാല്പന്ത് ആരാധകരേ...; ഐഎസ്എല്‍ പതിനൊന്നാം സീസണ് വെള്ളിയാഴ്ച തുടക്കം
Thursday, September 12, 2024 11:42 AM IST
മുംബൈ: ഗ്യാലറികളില്‍ ആവേശം നിറയ്ക്കാന്‍ ഐഎസ്എല്‍ പതിനൊന്നാം സീസണ് വെള്ളിയാഴ്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സി മോഹന്‍ ബഗാനെ നേരിടും. കോല്‍ക്കത്തയില്‍ വൈകുന്നേരംഏഴരയ്ക്കാണ് മത്സരം.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി തങ്ങളുടെ ആധിപത്യം തുടരാനാണ് മോഹന്‍ ബഗാനെതിരേ ഇറങ്ങുക. അതേസമയം, കഴിഞ്ഞ ഫൈനലിലെ തോല്‍വിക്ക് അതേവേദിയില്‍ പകരം വീട്ടാനാകും മോഹന്‍ ബഗാന് ആഗ്രഹിക്കുക.
ഇത്തവണ 13 ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നത്. കോല്‍ക്കത്തന്‍ ക്ലബ് മുഹമ്മദന്‍ സ്പോര്‍ട്ടിംഗാണ് പുതിയതായി എത്തിയ ടീം. ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത്യക്കാരനായ സഹപരിശീലകന്‍ നിര്‍ബന്ധമാണ്. കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനൊപ്പം റഫറി തെറ്റായി ചുവപ്പ് കാര്‍ഡ് നല്‍കിയതിനെതിരേ അപ്പീല്‍ നല്‍കാനും അവസരമുണ്ട്.
ഇവാന് വുകോമനോവിച്ചിന്റെ പകരക്കാരന് മൈക്കല്‍ സ്റ്റാറേയിലും പുതിയ താരങ്ങളിലും ആദ്യകിരീടപ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കുള്ളത്. ഞായറാഴ്ച വൈകുന്നേരം 7.30ന് പഞ്ചാബ് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
പഞ്ചാബ് എഫ്സിയുടെ കോച്ചായി ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസും മോഹന്‍ ബഗാന് പരിശീലകനായി ഹൊസെ മൊളീനയും രംഗത്തുണ്ട്.
നിരവധി താരങ്ങള്‍ കൂടുമാറ്റം നടത്തിയ സീസണില്‍ ശ്രദ്ധാകേന്ദ്രം മോഹന്‍ ബഗാന് താരം ജെയ്മി മക്ലാരനാണ്. ഓസ്ട്രേലിയന്‍ ലീഗിലെ എക്കാലത്തെയും വലിയ ടോപ് സ്കോററാണ് അദ്ദേഹം. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ അവസാന സീസണ് കൂടിയായിരിക്കും ഇതെന്നാണ് വിവരം.