അണ്ടർപാസിൽ വെള്ളക്കെട്ട്; കാർ മുങ്ങി ബാങ്ക് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം
Saturday, September 14, 2024 2:37 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വെള്ളക്കെട്ടിൽ കാർ മുങ്ങി രണ്ടുപേർക്ക് ദാരുണാന്ത്യം. ഫരീദാബാദിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഓൾഡ് റെയിൽവേ അണ്ടർ പാസിനടിയിലെ വെള്ളക്കെട്ടിലാണ് കാർ വീണത്.
ഗുരുഗ്രാമിലെ സെക്ടർ 31 എച്ച്ഡിഎഫ്സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ, കാഷ്യർ വിരാജ് ദ്വിവേദി. ഇരുവരും ജോലി കഴിഞ്ഞ് രാത്രിയോടെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന എസ്യുവി വാഹനം വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി വാഹനം പുറത്തെടുത്തു. പുണ്യശ്രേയ ശർമയുടെ മൃതദേഹം വാഹനത്തിൽ നിന്നു കണ്ടെടുത്തെങ്കിലും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ദ്വിവേദിയുടെ മൃതദേഹം കണ്ടെത്താനായത്.