പുതിയ സംഘടന മികച്ചതാണെങ്കിൽ അതിന്റെ ഭാഗമാകും: ടൊവീനോ തോമസ്
Tuesday, September 17, 2024 9:28 AM IST
കൊച്ചി: പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരിൽ പുതുതായി വരുന്ന സംഘടന മികച്ചതാണെങ്കിൽ അതിന്റെ ഭാഗമാകുമെന്ന് നടൻ ടൊവീനോ തോമസ്. പുതിയ സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്നും താരം പറഞ്ഞു.
നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ലെന്നും പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. നിലവിൽ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസീവായ ഏത് കാര്യം സംഭവിക്കുമ്പോഴും അതിന്റെ ഭാഗമാവുമെന്നും ടൊവീനോ കൂട്ടിച്ചേർത്തു.
ആഷിഖ് അബു, അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വരിക.
മലയാള സിനിമാ വ്യവസായത്തെ നവീകരിക്കുക, പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സമത്വം, സഹകരണം, സാമൂഹികനീതി എന്നീ മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്നും തൊഴിലാളികളുടെയും നിര്‍മാതാക്കളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും സംഘടനയുടെ ഭാരവാഹികൾ പറഞ്ഞിരുന്നു.