ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ
Wednesday, September 18, 2024 12:18 AM IST
ന്യൂഡൽഹി: കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതി ദേവസ്വം ബെഞ്ച് ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നുവെന്നും തങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ദേവസ്വം ബോർഡിന്റെ ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി സി.വി പ്രകാശിനെ നിയമിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിന് എതിരെയാണ് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ദേവസ്വം ബോർഡ് കമ്മീഷണറെ നിയമിക്കാനുള്ള അധികാരം തങ്ങൾക്കാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദിക്കുന്നത്.
ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ, ഹരിശങ്കർ വി. മേനോൻ എന്നിവർ അടങ്ങിയ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസിൽ സി.വി. പ്രകാശിനെ ദേവസ്വം കമ്മീഷണറായി നിയമിച്ചത്. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് എതിരെയാണോ ബോർഡിന്റെ ഹർജിയെന്ന് സുപ്രീംകോടതി ചോദിച്ചു.
സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി തങ്ങളുടെ ഭരണാധികാരം കവർന്നത് എന്ന് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും, അഭിഭാഷകൻ പി.എസ്. സുധീറും വാദത്തിൽ വ്യക്തമാക്കി.