വിദ്യാർഥിനിയോട് മോശം പരാമർശം; പ്രിൻസിപ്പൽ പോലീസ് കസ്റ്റഡിയിൽ
Wednesday, September 18, 2024 4:55 AM IST
ജയ്പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സർക്കാർ സ്കൂളിൽ വിദ്യാർഥിനിയോട് മോശം പരാമർശം നടത്തിയെന്നാരോപിച്ച് പ്രിൻസിപ്പലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പ്രിൻസിപ്പലിനെ ഒരു മുറിയിൽ ബന്ദിയാക്കി മർദിച്ചതായി പോലീസ് പറഞ്ഞു. സർക്കാർ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിയോജി ലാൽ മീണയ്ക്കെതിരെയാണ് ആരോപണം.
തിങ്കളാഴ്ച സ്കൂളിൽ കായികമേളയ്ക്കിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 12-ാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി, മീണ തന്നോട് മോശമായി പെരുമാറിയെന്നും മോശം പരാമർശം നടത്തിയെന്നും ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.