ബ്രിസ്ബേനിൽ ഇന്ത്യന്‍ വനിതകള്‍ക്ക് വൻ തോല്‍വി; ഓസീസ് ജയം അഞ്ചുവിക്കറ്റിന്
Thursday, December 5, 2024 2:55 PM IST
ബ്രിസ്ബേന്‍: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ബ്രിസ്ബേനില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 101 റൺസ് വിജയലക്ഷ്യം അഞ്ചുവിക്കറ്റും 202 പന്തുകളും ബാക്കിനില്‍ക്കെ ആതിഥേയർ മറികടന്നു.
42 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്ന ജോര്‍ജിയ വോള്‍ ആണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഫോബെ ലിച്ച്ഫീല്‍ഡ് 29 പന്തില്‍ 35 റൺസെടുത്തു. അതേസമയം, മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. എല്ലിസ് പെറി (ഒന്ന്), ബേത് മൂണി (ഒന്ന്), അന്നാബെല്‍ സതര്‍ലന്‍ഡ് (ആറ്), അഷ്ലി ഗാര്‍ഡ്നര്‍ (എട്ട്) എന്നിവര്‍ വന്നതുപോലെ മടങ്ങിയപ്പോൾ തഹ്ലിയ മഗ്രാത്ത് (നാല്) പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് 45 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. പ്രിയ മിശ്ര രണ്ടുവിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.2 ഓവറിൽ 100 റൺസിനു പുറത്തായിരുന്നു. 23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹർലീൻ ഡിയോൾ (19), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (17), റിച്ച ഘോഷ് (14) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. പ്രിയ പൂനിയ (മൂന്ന്), സ്മൃതി മന്ഥാന (എട്ട്), ദീപ്തി ശർമ (ഒന്ന്), സൈമ താക്കർ (നാല്), തീത്താസ് സന്ധു (രണ്ട്), പ്രിയ മിശ്ര (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയുടെ അവസാനത്തെ അഞ്ചു വിക്കറ്റുകള്‍ 11 റണ്‍സിനിടെയാണ് നഷ്ടമായത്. ഓസീസിനു വേണ്ടി 19 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മേഗൻ ഷട്ടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.