28 പന്തിൽ സെഞ്ചുറി; ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് അഭിഷേക് ശർമ; പഞ്ചാബിന് ജയം
Thursday, December 5, 2024 3:30 PM IST
രാജ്കോട്ട്: സയിദ് മുഷ്താഖ് അലി ട്വന്റി20യില്‍ അതിവേഗ സെഞ്ചുറിയുമായി അഭിഷേക് ശർമ. രാജ്കോട്ടില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് പഞ്ചാബ് നായകന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 29 പന്തില്‍ 11 സിക്സും എട്ട് ഫോറുമടക്കം പുറത്താകാതെ 106 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്.
ഇതോടെ, ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗമേറിയ ട്വന്റി20 സെഞ്ചുറി എന്ന റിക്കാര്‍ഡിനൊപ്പമെത്താനും താരത്തിനു കഴിഞ്ഞു. ടൂർണമെന്റിൽ ഇതേവര്‍ഷം ത്രിപുരയ്ക്കെതിരെ 28 പന്തിൽ സെഞ്ചുറി നേടിയ ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലിനൊപ്പമാണ് അഭിഷേകിന്റെ സ്ഥാനം.
അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ പഞ്ചാബ് ഏഴുവിക്കറ്റിന് വിജയം സ്വന്തമാക്കി. ബൗളിംഗിലും തിളങ്ങിയ അഭിഷേക് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മേഘാലയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. 31 റണ്‍സ് നേടി അര്പിത് ഭതേവാരയാണ് മേഘാലയയുടെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗില്‍ അഭിഷേക് ശർമയുടെ വെടിക്കെട്ടിൽ പഞ്ചാബ് 9.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ഹര്‍നൂര്‍ സിംഗ് (ആറ്), സലില്‍ അറോറ (ഒന്ന്), സൊഹ്രാബ് ധലിവാല്‍ (22) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. അഭിഷേകിനൊപ്പം എട്ടുറൺസുമായി രമണ്‍ദീപ് സിംഗ്
പുറത്താവാതെ നിന്നു.