ദിലീപിന്റെ ശബരിമല സന്ദർശനം; സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കി
Saturday, December 7, 2024 11:06 AM IST
കൊച്ചി: നടന് ദിലീപിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപ് സോപാനത്ത് തുടർന്നത് ഭക്തർക്ക് ദർശനത്തിനു തടസം ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളടക്കം നിരവധി തീര്‍ഥാടകര്‍ കാത്തുനില്ക്കുമ്പോള് സിനിമാ താരത്തിന് കൂടുതല്‍ സമയം ദര്‍ശനത്തിന് അനുമതി നല്‍കിയത് എങ്ങനെയെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വെള്ളിയാഴ്ച ചോദിച്ചിരുന്നു.
ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍, സോപാനം സ്പെഷൽ ഓഫീസര്‍ എന്നിവരില്‍നിന്ന് കോടതി വിശദീകരണം തേടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണം. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചത്.