അടിച്ചാൽ തിരിച്ച് അടിക്കണം; തിരിച്ചടിച്ചത് നന്നായി എന്ന് പറയിപ്പിക്കണം: എം.എം. മണി
Saturday, December 7, 2024 1:16 PM IST
തൊടുപുഴ: വീണ്ടും വിവാദ പ്രസ്താവനയുമായി സിപിഎം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും മണി പറഞ്ഞു.
ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിലാണ് വിവാദ പരാമർശം. തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്നും മണി പ്രസംഗത്തിൽ പറയുന്നു.
താൻ ഉൾപ്പെടെ ഉള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നതെന്നും പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പല നേതാക്കന്മാരെയും വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ട്. ജനങ്ങൾ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന് പറഞ്ഞാൽ പോയിയെന്ന് മണി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടി ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കുന്നത് കാണുന്നവരും കേൾക്കുന്നവരും ശരിയായെന്ന് പറയണം. ജനങ്ങൾ ശരിയല്ലെന്ന് പറയുന്ന മാർഗങ്ങൾ സ്വീകരിക്കരുതെന്നെന്നും മണി കൂട്ടിച്ചേർത്തു.