സെമി ലക്ഷ്യമിട്ട് ഓസ്ട്രേലിയ; കണക്ക് തീർക്കാൻ അഫ്ഗാനിസ്ഥാൻ
Friday, February 28, 2025 6:20 AM IST
ലാഹോർ: ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ ഇന്ന് ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ നേരിടും. സെമി ഫൈനൽ ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ആദ്യ കളിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഓസീസിന്റെ രണ്ടാം മത്സരം മഴയെ തുടർന്ന് മുടങ്ങിയിരുന്നു.
ദക്ഷിണാഫ്രിക്കയുമായി ഒരു പോയിന്റ് പങ്കിട്ട ഓസീസിന് മൂന്ന് പോയിന്റാണുള്ളത്. ഇന്ന് വിജയിച്ചാൽ സെമിയിലെത്താം. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയൻ നിരയിൽ വന്പൻ താരങ്ങളാണ് അണിനിരക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 350 റൺസിലധികം പിന്തുടർന്ന് ജയിച്ച ഓസീസ് ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. ബൗളിംഗ് നിര കൂടി താളം കണ്ടെത്തിയാൽ ഓസീസിനെ തടയാനാകില്ല.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാൻ രണ്ടാം മത്സരത്തിൽ വിജയിച്ച് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ടിനെ എട്ട് റൺസിനാണ് തോൽപ്പിച്ചത്. രണ്ട് പോയിന്റുള്ള അഫ്ഗാനിസ്ഥാനും ഇന്ന് വിജയിച്ചാൽ സെമിയിലെത്താം.
മാത്രവുമല്ല, ഓസീസിനോട് ഒരു കണക്കും വീട്ടാനുണ്ട് അഫ്ഗാനിസ്ഥാന്. 2023ലെ ഏകദിന ലോകകപ്പിൽ വിജയത്തിനടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെൻ മാക്സ്വെല്ലിന്റെ ഗംഭീര പ്രകടനത്തിന്റെ മികവിൽ ഓസ്ട്രേലിയ പരാജയപ്പെടുത്തിയിരുന്നു.
അന്ന് ഈ വിജയത്തിലൂടെയാണ് ഓസീസ് സെമി ഉറപ്പിച്ചത്. വീണ്ടും സെമി ലക്ഷ്യമിട്ട് ഓസീസ് എത്തുന്പോൾ അതിന് തടയിട്ട് കണക്ക് തീർക്കാം എന്ന ലക്ഷ്യത്തോടെയാണ് അഫ്ഗാൻ കളത്തിലിറങ്ങുന്നത്.
ലാഹോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം.